Kontha Namaskaram (ജപമാല മാസം) 2020

എഗ്ഗ് ദേവാലയത്തിലെ പത്തു ദിവസത്തെ ജപമാല പ്രാർത്ഥന ഒക്‌ടോബർ 13 മുതൽ 22 വരെ ..വിശദമായ സമയ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നത് ശ്രെദ്ധിക്കുക

ഒക്ടോബര്‍ മാസം ക്രൈസ്തവര്‍ക്ക് ജപമാല സമര്‍പ്പണത്തിന്റെ ഭക്തി തുളുമ്പുന്ന സായാഹ്നങ്ങളാണ്. വിശുദ്ധാത്മാക്കളുടെ ആത്മീയപ്രഭയാല്‍ ധന്യമായ ഒക്ടോബറില്‍ ജപമണികളെ പൂര്‍ണ്ണമായും ധ്യാനിക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങള്‍ പനിനീര്‍സുഗന്ധത്താല്‍ പരിപൂരിതമായി തീരുകയാണ്.ജപമാല മണികളിലൂടെ വിരലുകളോടിച്ച്, പരിശുദ്ധ അമ്മയോടൊപ്പം രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കുന്ന മാസം…

1571 ഒക്ടോബറിൽ ലെപ്പാന്റോ കടലിടുക്കിൽ നടന്ന യുദ്ധത്തിൽ ഓസ്ത്രിയായിലെ ഡോം ജൂവാൻ, തുർക്കികളുടെ നാവികപ്പടയുമായി ഏറ്റുമുട്ടിയപ്പോൾ വി. പീയൂസ് അഞ്ചാമനും ഭക്തജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവസാനം ക്രിസ്തൃൻ സൈന്യം തുർക്കികളെ തോല്പിക്കുകയും ലക്ഷക്കണക്കിനു ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ വാർഷികം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടണമെന്ന് നിശ്ചയിച്ചു. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ആ തിരുനാളിനെ ‘ജപമാലത്തിരുനാൾ‘ എന്ന് നാമകരണം ചെയ്തു.

1716-ല് ഹങ്കറിയിലെ എവുജീൻ രാജകുമാരൻ വീണ്ടും തുർക്കികളെ പരാജയപ്പെടുത്തിയപ്പോൾ ജപമാലത്തിരുനാൾ സാർവ്വത്രിക സഭയിൽ കൊണ്ടാടാൻ നിശ്ചയിച്ചു. ലെയോ പതിമൂന്നാമൻ പാപ്പ ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു.കുർബ്ബാനയും കൂദാശകളും കഴിഞ്ഞാൽ സാർവ്വത്രിക സഭയിൽ ഏറ്റവും വ്യാപകമായ ജനകീയ പ്രാർത്ഥനയാണ് ജപമാല. ജപമാല (Rosary) എന്നതിനര്‍ത്ഥം Crown of Roses എന്നാണ്. ഓരോ ജപമാലരഹസ്യവും ഓരോ റോസാപുഷ്പങ്ങള്‍ നമ്മള്‍ മാതാവിന്റെയും, ഈശോയുടെയും കിരീടത്തില്‍ ചൂടുകയാണ്

പാപികളുടെ മാനസാന്തരത്തിനായി ധാരാളം കൊന്ത ചൊല്ലണമെന്നു പരിശുദ്ധ കന്യകാമറിയം 1858-ൽ ലൂർദിൽ ബർണ്ണദീത്തായോടും 1917-ൽ ഫാത്തിമായിലെ കുട്ടികളോടും പറഞ്ഞു.ദൈവാനുഗ്രഹം കുടുംബങ്ങൾക്ക് ലഭ്യമാകാൻ ജപമാലഭക്തിയേക്കാൾ നല്ലതു മറ്റൊന്നില്ല എന്ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പാ പ്രസ്താവിച്ചിട്ടുണ്ട്. യേശു നമുക്കുവേണ്ടി പിന്നിട്ട രക്ഷയുടെ സ്വർഗീയപാതയിലെ സുവർണ്ണഘട്ടങ്ങളിലൂടെ ജപമാല നമ്മുടെ മനസിനെ ആവർത്തിച്ചു നയിക്കുന്നു. നമുക്കുവേണ്ടി ഈ ഭൂമിയിൽ സംഭവിച്ച ദൈവജീവിതവുമായി ജപമാല നമ്മുടെ ജീവിതത്തെ കൂട്ടിയിണക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ സാരസംഗ്രഹം ജപമാലവഴി നമ്മുടെ മനസിലേക്കും ഹൃദയത്തിലേക്കും അധരങ്ങളിലേക്കും എത്തിച്ചേരുന്നു.

കോവിഡ് സുരക്ഷാ ക്രെമീകരണമനുസരിച്ചായിരിക്കും ജപമാല നടത്തപ്പെടുക ..പത്തുദിവസത്തെ ജപമാല പ്രാർത്ഥന ഓരോ ദിവസവും എഗ്ഗ് ഇടവകയുടെ പരിസരത്തുള്ള ഓരോ സോണുകാരായിരിക്കും ലീഡ് ചെയ്യുന്നത് …വിശദമായ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു ..

തിരക്കുകള്‍ മാറ്റിവെച്ചു പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമായ സാക്ഷ്യമാക്കി മാറ്റാന്‍ ജപമാല മാസത്തിലെ പത്തുദിവസവും ഭക്ത്യാദരങ്ങളോടെ പങ്കെടുക്കുവാൻ എഗ്ഗിലെ ദേവാലയത്തിലേക്ക് എല്ലാ വിശ്വാസികളെയും കമ്മിറ്റിക്കുവേണ്ടി ബഹുമാനപെട്ട ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ക്ഷണിക്കുന്നു ..