കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നഴ്സുമാർക്ക് അർഹമായ വേതനം നൽകാതെ കത്തോലിക്കാ ആശുപത്രികൾ കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും മേജർ ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
സീറോ മലബാർ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെ ആശുപത്രികളിൽ നഴ്സുമാർക്കു സാധിക്കും വിധം ന്യായമായ വേതനം നൽകുന്നുണ്ടെന്നാണു കരുതുന്നത്. എന്നാൽ, ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യനീതിയുടെ വിഷയമായി കാണണം.
വേതനവർധനയിൽ ബന്ധപ്പെട്ട സമിതി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുണ്ടാകുമ്പോൾ ശമ്പളസ്കെയിൽ പരിഷ്കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകൾ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിൽ ആശുപത്രികൾ നടത്തുന്ന നിരവധിയായ ഇതര മാനേജ്മെന്റുകളും ഇതേ നിലപാടു സ്വീകരിക്കുമെന്നാണു കരു തുന്നത്.കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ നഴ്സുമാരുടെ വേതനം സംബന്ധിച്ച വിഷയത്തിൽ സർക്കാരിന്റെ തീരുമാനം വേഗത്തിൽ ഉണ്ടാവേണ്ടതുണ്ട്. ചെറിയ ആശുപത്രികളുടെ നടത്തിപ്പ് സംബന്ധിച്ചു സർക്കാരും ബന്ധപ്പെട്ടവരും കൂട്ടായ ആലോചനകളിലൂടെ പരിഹാരം തേടണമെന്നും അദ്ദേഹം പറഞ്ഞു.
Source: deepika